ഞങ്ങളെ വിളിക്കൂ
ഞങ്ങൾക്ക് ഇമെയിൽ ചെയ്യുക
വിലാസം
വികാസ് ഭവൻ പി.ഒ. തിരുവനന്തപുരം കേരള - 695033.

കേരള സംസ്ഥാന ലോട്ടറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി ആക്ട് പ്രകാരം, സംസ്ഥാന ലോട്ടറി ഏജന്റുമാരുടെയും ലോട്ടറി വിൽപ്പനക്കാരുടെയും സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനായി 2008-ൽ കേരള സംസ്ഥാന ലോട്ടറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി ബോർഡ് സ്ഥാപിതമായി. സംസ്ഥാന ലോട്ടറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി ബോർഡിൽ നാല് ഔദ്യോഗിക അംഗങ്ങളും ഏഴ് അനൗദ്യോഗിക അംഗങ്ങളും ഉൾപ്പെടെ പതിനൊന്ന് അംഗങ്ങളുണ്ട്. നാല് ഔദ്യോഗിക അംഗങ്ങളിൽ സർക്കാർ സെക്രട്ടറി (നികുതി), ധനകാര്യ അഡീഷണൽ സെക്രട്ടറി, തൊഴിൽ വകുപ്പിന്റെ അഡീഷണൽ സെക്രട്ടറി, സംസ്ഥാന ലോട്ടറി ഡയറക്ടർ എന്നിവരും ഉൾപ്പെടുന്നു. ഇതിനുപുറമെ, ലോട്ടറി ഏജന്റുമാരെയും വിൽപ്പനക്കാരെയും പ്രതിനിധീകരിക്കുന്ന 7 അംഗങ്ങളെ സർക്കാർ അനൗദ്യോഗിക അംഗങ്ങളായി നിയോഗിക്കുകയും അവരിൽ ഒരാളെ സർക്കാർ ഉത്തരവ് വഴി ക്ഷേമനിധി ബോർഡിന്റെ ചെയർമാനായി നിയമിക്കുകയും ചെയ്യുന്നു. സംസ്ഥാന ലോട്ടറി ഡയറക്ടർ സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോർഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ്, അദ്ദേഹത്തിന്റെ കീഴിൽ ഒരു ആസ്ഥാന ഓഫീസ് പ്രവർത്തിക്കുന്നു, ഒരു ജില്ലാ ലോട്ടറി ഓഫീസർ സംസ്ഥാന ലോട്ടറി ക്ഷേമനിധി ഓഫീസറായി പ്രവർത്തിക്കുന്നു. കൂടാതെ, ജില്ലാ ക്ഷേമ ഓഫീസർമാരായി പ്രവർത്തിക്കുന്ന 14 അസിസ്റ്റന്റ് ജില്ലാ ലോട്ടറി ഓഫീസർമാരുമുണ്ട്.
ക്ഷേമനിധി അംഗത്വം
• ഭാഗ്യക്കുറി വിൽപ്പന ഉപജീവന മാർഗമായി സ്വീകരിച്ചവരായിരിക്കണം.
• അംഗമാകാൻ ആഗ്രഹിക്കുന്നവർ 18 നും 60 നും മദ്ധ്യ പ്രായമുള്ളവരായിരിക്കണം.
• പ്രതിമാസം 25000 രൂപയുടെ അല്ലെങ്കിൽ ത്രൈമാസം 75000 രൂപയിൽ കുറയാത്ത തുകയ്ക്ക് ടിക്കറ്റുകൾ വാങ്ങി വില്‌പന നടത്തുന്നവരായിരിക്കണം.
• അംഗമാകാൻ താൽപ്പര്യമുള്ള വിൽപ്പനക്കാർ/ഏജന്റുമാർ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസുകളിൽ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് രജിസ്ട്രേഷൻ ഫീസായ 25 രൂപയും മറ്റ് രേഖകളുമായി ബന്ധപ്പെട്ട ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസുകളിൽ സമർപ്പിക്കേണ്ടതുമാണ്.
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
• ഭാഗ്യക്കുറി വിൽപ്പനക്കാർ/ഏജൻ്റുമാർ നിർദ്ദിഷ്ട തുകയ്ക്കുള്ള ടിക്കറ്റുകൾ വാങ്ങുന്നതായുള്ള രേഖകൾ.
• ഏജന്റ് സാക്ഷ്യപ്പെടുത്തിയ ടിക്കറ്റ് അക്കൗണ്ട് ബുക്കും ഫാറം നം.2-ൽ ഉള്ള ഏജന്ററിൻ്റെ സാക്ഷ്യപ്രതവും.
• വയസ്സ് തെളിയിക്കുന്നതിനായി വോട്ടേഴ്സ് ഐഡന്റിറ്റി കാർഡ്, പാസ്പോർട്ട്, പാൻകാർഡ്, ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ്, എസ്.എസ്.എൽ.സി. ബുക്ക്, സ്കൂൾ അഡ്‌മിഷൻ രജിസ്റ്റർ ഇവയിൽ ഏതിൻ്റെയെങ്കിലും ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ് അല്ലെങ്കിൽ അസിസ്റ്റൻറ് സർജനിൽ താഴെയല്ലാത്ത ഒരു ഡോക്ടറിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
• നാല് പാസ്പോർട്ട് സൈസ് ഫോട്ടോ.
• ഏജൻറുമാർ രജിസ്ട്രേഷൻ ഫീസായ 25 രൂപയും ആദ്യ മാസത്തെ അംശാദായം 50 രൂപയും ചേർത്ത് 75 രൂപയും, വിൽപനക്കാർ ആയതിൻ്റെ കൂടെ ടിക്കറ്റ് അക്കൗണ്ട് ബുക്കിൻ്റെ വിലയായ 25 രൂപയൂൾപ്പെടെ 100 രൂപയും അടയ്ക്കേണ്ടതാണ്.
അംഗത്വത്തിന് അനർഹരായവർ
കമ്പനി സ്ഥാപനങ്ങൾ, സഹകരണസംഘം, വ്യക്തികളുടെ കൂട്ടായ്‌മ തുടങ്ങിയവ. സർക്കാരിൽ നിന്ന് പെൻഷനോ സമാന ആനുകൂല്യങ്ങളോ ലഭിക്കുന്നവർ, എന്നാൽ വിമുക്ത ഭടൻമാർക്കും അംഗപരിമിതർക്കും ഇതു ബാധകമല്ല. സർക്കാർ / അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ, മറ്റേതെങ്കിലും ക്ഷേമനിധിയിൽ അംഗങ്ങളായുളവർ.
അംഗത്വം അവസാനിക്കുന്നത്
70 വയസ്സ് പൂർത്തിയാകുമ്പോൾ അംഗത്വം അവസാനിക്കുന്നതാണ്. ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർക്ക് അപേക്ഷ നൽകി അംഗത്വം അവസാനിപ്പിക്കാവുന്നതാണ്.
വരിസംഖ്യ
ക്ഷേമനിധി പ്രതിമാസ വരിസംഖ്യ 50 രൂപയാണ്. വരിസംഖ്യ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസുകളിലും ഭാഗ്യക്കുറി സബ് ഓഫീസുകളിലും അംഗം നേരിട്ടെത്തി ഒടുക്കാവുന്നതാണ്. മൂന്നുമാസത്തെ വരിസംഖ്യ മുൻകൂറായും അടയ്ക്കക്കാവുന്നതാണ്. സബ് ഓഫീസുകളിൽ മാസത്തിൽ ഒരു ദിവസം അംശദായം സ്വീകരിക്കുന്നതാണ്.
ആനുകൂല്യങ്ങൾ
ഓണം ഉത്സവബത്ത ഓരോ വർഷവും ഓണം ഉത്സവ മാസം വരെ ഏറ്റവും കുറഞ്ഞത് ഒരു വർഷക്കാലത്തെയെങ്കിലും അംഗത്വ കാലാവധി പൂർത്തിയാക്കിയ സജീവ അംഗങ്ങൾക്കും പ്രസ്തുത വർഷം ഏപ്രിൽ മുതൽ പെൻഷന് അർഹതയുള്ള എല്ലാ പെൻഷൻകാർക്കും സർക്കാർ നിശ്ചയിച്ച് ഉത്തരവാകുന്ന ഓണം ഉത്സവബത്തയ്ക്ക് അർഹത ഉണ്ടായിരിക്കും. ഓരോ വർഷവും നൽകേണ്ട ഓണം ഉത്സവബത്ത നിരക്കുകൾ ബോർഡിൻ്റെ ശിപാർശ പരിഗണിച്ച് സർക്കാർ നിശ്ചയിക്കുന്നതായിരിക്കും.
2024-ൽ ഓണം ഉത്സവബത്ത ഇനത്തിൽ സജീവ അംഗങ്ങൾക്ക് 7000 രൂപ വീതവും പെൻഷൻകാർക്ക് 2500 രൂപ വീതവും വിതരണം ചെയ്തു.
വിവാഹാനുകൂല്യം
കുറഞ്ഞത് മൂന്നു വർഷമെങ്കിലും തുടർച്ചയായി അംശദായം അടച്ചുവരുന്ന ക്ഷേമനിധി അംഗങ്ങളുടെ പ്രായപൂർത്തിയായ പെൺ മക്കൾക്കും, ക്ഷേമനിധിയിലെ വനിതാ അംഗങ്ങൾക്കും വിവാഹ ചെലവിനായി 25,000/-രൂപ നൽകുന്നതാണ്.
പ്രസവാനുകൂല്യം
ഒരു വർഷമെങ്കിലും തുടർച്ചയായി അംശദായം അടച്ച വനിതാ അംഗത്തിന് പ്രസവാനു കൂല്യമായി 10,000/- രൂപ ലഭിക്കുന്നതാണ് (പരമാവധി രണ്ട് തവണ).
ചികിത്സാ സഹായം
ഇൻഷുറൻസ് പരിരക്ഷയില്ലാത്ത, ഒരു വർഷമെങ്കിലും നിധിയിൽ തുടർച്ചയായി അംശദായം അടച്ചിട്ടുള്ള അംഗങ്ങ6ൾക്ക് മൂന്ന് ദിവസമോ അതിൽ കൂടുതലോ ആശുപ്രതിയിൽ കിടന്നുള്ള ചികിത്സയ്ക്ക് ആദ്യത്തെ മൂന്ന് ദിവസം 750/- രൂപയും തുടർന്നുള്ള ഓരോ ദിവസവും 150/- രൂപയും നൽകുന്നതാണ്. വാർഷിക പരമാവധി 5,000/- രൂപയായിരിക്കും. വൃക്കരോഗം, ക്യാൻസർ, ഹൃദ്രോഗം മുതലായ ഗുരുതരമായ രോഗബാധ കൊണ്ട് കഷ്ടപ്പെടുന്നവർക്ക് പരമാവധി 50,000/- രൂപ വരെ ചികിത്സാ ധനസഹായം നൽകുന്നതായിരിക്കും.
പെൻഷൻ
10 വർഷത്തിൽ കുറയാത്ത കാലയളവിൽ അംശാദായം അടച്ചിട്ടുള്ള 55 വയസ്സ് പൂർത്തിയായ അംഗത്തിന് പെൻഷൻ അർഹത ഉണ്ടായിരിക്കും. നിലവിൽ പ്രതിമാസം 1600/- രൂപ പെൻഷൻ ലഭിക്കും.
കുടുംബ പെൻഷൻ
പെൻഷൻ ലഭിക്കുന്ന അംഗമോ ലഭിക്കാൻ അർഹതപ്പെട്ട അംഗമോ മരണപ്പെട്ടാൽ അർഹതപ്പെട്ടയാൾക്ക് പ്രതിമാസം 800/- രൂപ കൂടുംബപെൻഷനായി ലഭിക്കും.
അവശതാ പെൻഷൻ
രോഗം മൂലമോ അപകടം മൂലമോ സ്ഥിരവും പൂർണ്ണവുമായ ശാരീരിക അവശത സംഭവിച്ച, ഒരു വർഷത്തിൽ കൂടുതൽ കാലം യാതൊരു ജോലിയും ചെയ്യാൻ കഴിയാതെ വരുന്ന ഒരംഗത്തിന് പൂർണ്ണ അവശത തുടരുന്ന പക്ഷം അങ്ങനെ ഒരു വർഷം കഴിയുന്ന മാസത്തിന്റെ തൊട്ടടുത്ത മാസം മുതൽ അവശതാ പെൻഷൻ അർഹത ലഭിക്കുന്നതാണ്.
മരണാനന്തര സാമ്പത്തിക സഹായം
അപകടം മൂലം ക്ഷേമനിധി അംഗത്തിന് മരണം സംഭവിച്ചാൽ ഒരു ലക്ഷം രൂപയും സ്വാഭാവിക മരണത്തിന് 50,000/- രൂപയും അനന്തരാവകാശികൾക്ക് ലഭിക്കുന്നതാണ്.
സ്കോളർഷിപ്പ് (വിദ്യാഭ്യാസാനുകൂല്യം)
ഓരോ വർഷവും എസ്.എസ്.എൽ.സി/പത്താംതര പരീക്ഷ 80 ശതമാനം മാർക്കോടെ വിജയിച്ച് ഹയർ സെക്കൻ്ററിതല പഠനത്തിനോ മറ്റു റഗുലർ കോഴ്സുകളിൽ ഉപരിപഠനത്തിനോ ചേരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കും പ്രൊഫഷണൽ കോഴ്സുകൾ, ബിരുദ-ബിരുദാനന്തര കോഴ്സുകൾ, ഡിപ്ലോമ കോഴ്സുകൾ എന്നിവയ്ക്ക് ഉപരിപഠനത്തിന് ചേരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കും പഠനകാലയളവിലെ ഓരോ വർഷത്തിലും ധനസഹായം നൽകുന്നതാണ്.
മേൽ പറഞ്ഞ ആനുകൂല്യങ്ങൾക്ക് പുറമെ സ്വന്തമായി കടയോ സ്ഥാപനമോ ഇല്ലാത്ത ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്ക് വഴിയോരങ്ങളിൽ തൊഴിൽ ഇടമായി ഉപയോഗിക്കാൻ കഴിയുന്ന ബീച്ച് അംബ്രല്ല, ജില്ലാ ഓഫീസുകളിലും സബ് ഓഫീസുകളിലും വാട്ടർ പ്യൂരിഫയർ മെഷീൻ നൽകുന്ന പദ്ധതി, തൊഴിലിന്റെ അടയാളമായി യൂണിഫോം അംഗപരിമിതരായ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്ക് മുചക്ര വാഹനം എന്നിവ വിതരണം ചെയ്യുന്ന പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ഭവനരഹിതരായ ഭാഗ്യക്കുറിക്ഷേമനിധി അംഗങ്ങൾക്ക് ഭാവന നിർമ്മാണത്തിനായി ധനസഹായ നൽകുന്ന പദ്ധതി നടപ്പിലാക്കി വരുന്നു.
ഫലങ്ങൾ പരിശോധിക്കുക, സമ്മാനങ്ങൾ നേടുക.
കേരള ലോട്ടറി ആപ്പ് ഡൗൺലോഡ് ചെയ്യൂ!